സ്ഥാപന ചരിത്രം
മുല്ലമംഗലം എന്ന പഴയൊരു തറവാടിന്റെ പേരിൽ നിന്നാണ് മംഗലപുരത്തിന്റെ പുരാതന ചരിത്രം ആരംഭിക്കുന്നത്. മംഗലപുരത്തിന്റെ കാർഷികോൽപ്പന്നങ്ങളുടെ ആയവ്യയങ്ങൾക്ക് പ്രാമാണികനായ ഒരു ജന്മി മുൻകൈയെടുത്ത് സ്ഥാപിച്ച കമ്പോളമായിരുന്നു നാടിന് ആദ്യമായി നാഗരികതയുടെ ഛായ പകർന്നുകൊടുത്തത്. 1941-ൽ ആണ് മംഗലപുരം പഞ്ചായത്ത് നിലവിൽ വന്നത്. ഉജ്ജ്വലമായൊരു സാംസ്കാരിക പൈതൃകത്താൽ ധന്യമാണ് ശ്രീനാരായണഗുരുദേവനും കുമാരനാശാനും ഉപരിവർഗത്തെ അടിയറവു പറയിച്ച അയ്യങ്കാളിയും സാഹിത്യകാരൻ സി.വി.രാമൻപിള്ളയും തങ്ങളുടെ കർമ്മഭൂമിയായി തെരഞ്ഞെടുത്തത് ഈ ഗ്രാമമായിരുന്നുവെന്നത് ഈ നാടിനെ സംബന്ധിച്ച് അഭിമാനകരമായ യാഥാർത്ഥ്യമാണ്.
മംഗലപുരത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ കാലഘട്ടത്തിലെ സംഭവമാണ് മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണഗുരുസ്വാമികൾ നടത്തിയ പ്രതിഷ്ഠാകർമ്മം. ഈ കാലഘട്ടത്തിൽ രൂപംകൊണ്ടതായിരുന്നു മുരുക്കുംപുഴയിൽ സ്ഥാപിതമായ എസ്.എൻ.വി ഗ്രന്ഥാലയം. ഹ്രസ്വമായ തന്റെ ജീവിതഘട്ടത്തിൽ കവി, പത്രാധിപർ, പുസ്തക പ്രസാധകൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, നിയമസഭാംഗം, കർഷകൻ, വ്യവസായി, ഗൃഹസ്ഥൻ എന്നിങ്ങനെ വ്യത്യസ്തമായ കർമ്മമണ്ഡലങ്ങളിൽ വിരാജിച്ചിരുന്ന മഹാകവി കുമാരനാശാൻ വസ്തു വാങ്ങി വീടുവച്ചു താമസിച്ച ഗ്രാമമാണ് തോന്നയ്ക്കൽ. തിരുവനന്തപുരം ജില്ലയിൽ തലസ്ഥാന നഗരിയിൽ നിന്ന് ഏകദേശം ഇരുപത്തിനാലു കിലോമീറ്റർ വടക്കുമാറി നഗരത്തിന്റെ ബഹളങ്ങളിൽ നിന്നകന്നു നാഷണൽ ഹൈവേയ്ക്കരികിലുള്ള പ്രശാന്തസുന്ദരമായ സ്ഥലത്താണ് തോന്നയ്ക്കൽ ആശാൻസ്മാരകം സ്ഥിതി ചെയ്യുന്നത്. പാതവക്കത്തെ കടന്ന് ചെങ്കൽപാതയിലൂടെ ഏതാനും ചുവടുകൾ പടിഞ്ഞാറോട്ടു നടന്നാൽ മഹാകവിയുടെ സ്മാരകമന്ദിരമായി. നേരിയൊരു പോറൽപോലുമില്ലാതെ ആശാൻഭവനം ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മഹാകവിയുടെ മൺകുടിൽ അന്നത്തെ അതേ നിലയിൽ ഇവിടെ നിലകൊള്ളുന്നു.
കാർഷികോല്പന്നങ്ങളുടെ വിപണനത്തിനും പാരമ്പര്യ വ്യവസായമായ കള്ളു വ്യാപാരങ്ങൾക്കും പുറമെ മംഗലപുരം പഞ്ചായത്തിൽ കശുവണ്ടി സംസ്ക്കരണത്തിന് ഒരു ഫാക്ടറിയും അരനൂറ്റാണ്ടു മുമ്പ് ഉണ്ടായിരുന്നു. 1961 ൽ ആണ് മംഗലപുരം പഞ്ചായത്ത് നിലവിൽ വന്നത്. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുടെ അധികാരമേറ്റ ഭരണസമിതിയുടെ പ്രസിഡന്ററായി ചാർജ് എടുത്തത് ഒരു ഹരിജനായ ബാലകൃഷ്ണനായിരുന്നു. നിയമപരിരഷയിലൂടെ അല്ലാതെയാണ് ഈ തെരഞ്ഞെടുപ്പ് എന്നതിൽ നിന്ന് ആ കാലത്ത് പുലർന്നിരുന്ന ദേശീയവീക്ഷണവും സ്ഥിതി സമത്വധാരണകളും ഇന്നത്തേതിലും എത്രയേറെ ഉയർന്നതായിരുന്നു എന്ന് നമുക്ക് കാണാം.
(അവലംബം: സമഗ്ര വികസന രേഖ - മംഗലപുരം ഗ്രാമപഞ്ചായത്ത്, 1996)