ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സാംസ്കാരികചരിത്രം
ഉജ്ജ്വലമായൊരു സാംസ്കാരികപൈതൃകത്താല്‍ ധന്യമാണ് മംഗലപുരം. ശ്രീനാരായണഗുരുദേവനും കുമാരനാശാനും ഉപരിവര്‍ഗത്തെ അടിയറവു പറയിച്ച അയ്യങ്കാളിയും സാഹിത്യകാരന്‍ സി.വി.രാമന്‍പിള്ളയും തങ്ങളുടെ കര്‍മ്മഭൂമിയായി തെരഞ്ഞെടുത്തത് ഈ ഗ്രാമമായിരുന്നുവെന്നത് ഈ നാടിനെ സംബന്ധിച്ച് അഭിമാനകരമായ യാഥാര്‍ത്ഥ്യമാണ്. വെങ്കുളംതോപ്പിലെ സി.വി.ഭവനം കാലത്തിന്റെ കടന്നാക്രമണത്തില്‍ തകര്‍ന്നുവീണുപോയെങ്കിലും തോന്നയ്ക്കലിലെ ആശാന്‍ഭവനം ഇന്നും അതേപടി സംരക്ഷിക്കപ്പെടുന്നുണ്ട്. മംഗലപുരത്തിന്റെ ചരിത്രത്തില്‍ നവോത്ഥാനകാലഘട്ടത്തിലെ അവിസ്മരണീയമായ സംഭവമാണ് മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തില്‍ ശ്രീനാരായണഗുരുസ്വാമികള്‍ നടത്തിയ പ്രതിഷ്ഠാകര്‍മ്മം. ഈ കാലഘട്ടത്തില്‍ തന്നെ രൂപംകൊണ്ടതായിരുന്നു മുരുക്കുംപുഴയില്‍ സ്ഥാപിതമായ എസ്സെന്‍വി ഗ്രന്ഥാലയം. കുമാരനാശാന്‍ മുന്‍കൈയ്യെടുത്തു സ്ഥാപിച്ച ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയവും മുന്‍പേതന്നെയുണ്ടായിരുന്ന മണിയന്‍വിളാകം പ്രാഥമികവിദ്യാലയവും നാടിന്റെ വികാസപരിണാമങ്ങളില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ദേശീയപ്രസ്ഥാനമായ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ശബ്ദം ഗ്രാമത്തിലെത്തിച്ചത് ത്യാഗഭരിത ജീവിതം നയിച്ചിരുന്ന ആന്നൂര്‍ ദാസും, എം.എ ഖാനും ആയിരുന്നു. ഇതിന് നിദാനമായതാകട്ടെ ഇരുവരുടെയും വൈദേശികപരിചയവും.
ആശാന്‍സ്മാരകം:- ഹ്രസ്വമായ തന്റെ ജീവിതഘട്ടത്തില്‍ കവി, പത്രാധിപര്‍, പുസ്തകപ്രസാധകന്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി, നിയമസഭാംഗം, കര്‍ഷകന്‍, വ്യവസായി, ഗൃഹസ്ഥന്‍ എന്നിങ്ങനെ വ്യത്യസ്തമായ കര്‍മ്മമണ്ഡലങ്ങളില്‍ വിരാജിച്ചിരുന്ന മഹാകവി കുമാരനാശാന്‍ വസ്തു വാങ്ങി വീടുവച്ചു താമസിച്ച ഗ്രാമമാണ് തോന്നയ്ക്കല്‍. തിരുവനന്തപുരം ജില്ലയില്‍ തലസ്ഥാനനഗരിയില്‍ നിന്ന് ഏകദേശം ഇരുപത്തിനാലു കിലോമീറ്റര്‍ വടക്കുമാറി നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നകന്നു നാഷണല്‍ ഹൈവേയ്ക്കരികിലുള്ള പ്രശാന്തസുന്ദരമായ സ്ഥലത്താണ് തോന്നയ്ക്കല്‍ ആശാന്‍സ്മാരകം സ്ഥിതി ചെയ്യുന്നത്. പാതവക്കത്തെ ഗേറ്റു കടന്ന് ചെങ്കല്‍പാതയിലുടെ ഏതാനും ചുവടുകള്‍ പടിഞ്ഞാട്ടു നടന്നാല്‍ മഹാകവിയുടെ സ്മാരകമന്ദിരമായി. നേരിയൊരു പോറല്‍ പോലുമില്ലാതെ ആശാന്‍ഭവനം ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മഹാകവിയുടെ മണ്‍കുടില്‍ അന്നത്തെ അതേ നിലയില്‍ ഇവിടെ നിലകൊള്ളുന്നു. തോന്നയ്ക്കലെ കാഴ്ചകളെപ്പറ്റി പ്രൊഫ: ജോസഫ് മുണ്ടശ്ശേരി വര്‍ണ്ണിച്ചിട്ടുള്ള അതേ നിലയില്‍. വീടിനെക്കുറിച്ച് മുണ്ടശ്ശേരി എഴുതുന്നു: “ഇരുപത്തിമുക്കാലേ പതിനാറില്‍ കൊള്ളുന്ന രണ്ടു മുറിയും താഴ്വാരത്തില്‍ അടുക്കളയുമായി ഒരു കൊച്ചോലപ്പുര. കളിമണ്‍ച്ചുമര്‍. ഉപായത്തിലൊന്നു ചെത്തിപ്പൂശ്ശിയിട്ടുണ്ട്. തട്ടില്ല. മേല്‍ക്കുരയില്‍ കണ്ണോട്ടകള്‍. ചാണകം തളിച്ചു മെഴുകിയിട്ടുണ്ട്, അകവും ഇറയവും. ചൊവ്വം ചന്തമില്ല കുടില്‍ കണ്ടാല്‍”. കവിയുടെ കാവ്യരചനാമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായിരുന്നത് ഈ ഒറ്റമുറിച്ചാവിടിയാണ്. ഇവിടെയിരുന്നാണ് അദ്ദേഹം പീഡിതരുടെ മഹാപ്രസ്ഥാനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. വിശാലമായ പ്രദേശം അദ്ദേഹം കൃഷിഭൂമിയാക്കിയിരുന്നു. തന്റെ ജീവിതസര്‍വ്വസ്വമായ ശ്രീനാരായണഗുരുസ്വാമികളെ എതിരേറ്റതും ഇവിടെ ഈ മണ്‍കൂരയിലാണ്. ആശാന്‍ ഉപയോഗിച്ചിരുന്ന കട്ടിലും മേശയും കസേരയുമെല്ലാം അന്നുകിടന്നതുപോലെ തന്നെ ഇപ്പോഴുമിവിടെയുണ്ട്. ഒപ്പം ആശാന്റെ വളരെ പഴയൊരു ചിത്രവും. മഹാകവിയുടെ ഗൃഹം ഏറ്റെടുക്കാന്‍ നടപടികളെടുത്തതും സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയതും അന്ന് വിദ്യാഭ്യാസമന്ത്രി ആയിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്. ആശാന്റെ ജന്മനാടായ കായിക്കരയിലും ആശാന്റെ ഭൌതികശരീരം അന്ത്യവിശ്രമം കൊള്ളുന്ന പല്ലനയിലും സ്മാരകങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ആ പ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അദ്ദേഹം താമസിച്ചിരുന്ന തോന്നയ്ക്കലെ ഭവനവും പരിസരവും ഏറ്റെടുക്കുവാനും സ്മാരകം പണിയുവാനുമാണ് മുണ്ടശ്ശേരി തീരുമാനിച്ചത്. ആശാനു പ്രിയതരമായിരുന്നതും തോന്നയ്ക്കലെ മണ്ണാണല്ലോ. കായിക്കരയില്‍ നടന്ന ഒരു ജന്മദിനാഘോഷവേളയിലാണ് തോന്നയ്ക്കലില്‍ സ്മാരകം പണിയുവാനുള്ള ഗവണ്‍മെന്റിന്റെ ആഗ്രഹം മുണ്ടശ്ശേരി പ്രഖ്യാപിച്ചത്. യോഗം കഴിഞ്ഞു മന്ത്രി പുറത്തുവന്നയുടന്‍ തന്നെ സ്ഥലം സൌജന്യമായി വിട്ടുകൊടുക്കാന്‍ തനിക്കു സമ്മതമാണെന്ന്, മഹാകവിയുടെ ഇളയ പുത്രനും അനന്തരാവകാശിയുമാഫ പ്രഭാകരന്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണ്ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്രമാണം 1958 ജനുവരി 26-ം തീയതി അദ്ദേഹം മന്ത്രിയെ ഏല്‍പ്പിക്കുകയും ചെയ്തു. കേരളത്തിലാദ്യമായി ഒരു കവിയുടെ ഭവനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് അന്നാണ്. നവംബര്‍ ഏഴിന് സ്മാരകത്തിന്റെ ശിലാസ്ഥാപനം നടന്നു. സ്മാരകത്തിന്റെ ഉദ്ഘാടനം പൊതുജനങ്ങളുടെ സമ്പൂര്‍ണ്ണമായ സഹകരണത്തോടെതന്ന ആവണമെന്ന് മുണ്ടശ്ശേരിയും, പണി പൂര്‍ത്തിയാവുമ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കറും, പ്രഭാകരനുമുള്‍പ്പെട്ട കമ്മിറ്റി തീരുമാനിച്ചു. അതിന്‍പ്രകാരം പൊതുജനങ്ങളെ വിളിച്ചുകൂട്ടി ആലോചിച്ച് പരിപാടികള്‍ക്കു രൂപം നല്‍കുകയും ചെയ്തു. ആളും അര്‍ത്ഥവും ഉദ്ഘാടനത്തെ വര്‍ണ്ണോജ്ജ്വലമായ ഒരു മഹാസംഭവമാക്കി മാറ്റി. മുണ്ടശ്ശേരിമാസ്റ്റര്‍, എം.കെ.സാനു, ശൂരനാട്ടുകുഞ്ഞന്‍പിള്ള, തകഴി, ദേവ്, കെ.ബാലകൃഷ്ണന്‍, ലളിതാംബിക അന്തര്‍ജ്ജനം, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള തുടങ്ങിയ സാഹിത്യരംഗത്തെ മഹാരഥന്‍മാരെല്ലാം പരിപാടിയില്‍ പങ്കെടുത്തു.